ചണ്ഡിഗഡ് എയർപോർട്ടില്‍ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍.
സംഭവത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു.
ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്.
വിമാനത്താവളത്തില്‍ വെച്ച് കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.
കുല്‍വീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നില്‍ക്കുന്നുവെന്നും എന്ന് പഞ്ചാബില്‍ സമരം ചെയ്യുന്ന കർഷക നേതാക്കള്‍ വ്യക്തമാക്കി.
പഞ്ചാബിലെ കർഷകർക്ക് എതിരായ പരാമർശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലർക്കും എതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചതാണെന്നും വിഷയം കൃത്യമായി അന്വേഷിക്കും മുമ്ബ് ഉദ്യോഗസ്ഥക്ക് എതിരെ കേസെടുത്തത് അംഗീകരിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയെതര വിഭാഗം) നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാള്‍ പറഞ്ഞു.
ചണ്ഡിഗഡ് എയർപോർട്ടില്‍ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിന്‍റെ പരാതിയില്‍ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്‌എഫ് സസ്പെന്‍ഡ് ചെയ്തിരുന്നു.