പതിനഞ്ചാം കേരള നിയമസഭ പത്താം സമ്മേളനം ജനുവരി 25 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുകയാണ്. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതാണ്.

ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കുന്നതാണ്. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ട്.

നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2024-25 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള

ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാനപ്പെട്ട ബില്ലുകള്‍ സംബന്ധിച്ച വിശദാംശം ചുവടെ ചേര്‍ക്കുന്നു.
I ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍
2024-ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍
2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍
2024-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍
II പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകള്‍
2023-ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍
2023-ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍
2023-ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍
2023-ലെ കേരള പൊതുരേഖ ബില്‍
2024-ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്മെന്റുകളും ബില്‍
നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...