മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്.
മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു വിശദീകരിക്കുന്നത്.
ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്.
പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല.
തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്‍കുകയായിരുന്നു.
മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്.
അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് ബൈജുവിനെതിരെ കേസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.