പഠനം പൂർത്തീകരിച്ച തൊഴിലന്വേഷകർക്കായുള്ള ആദ്യത്തെ ജോബ് എക്സ്പോ 2025 ഫെബ്രുവരിയിൽ നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ മുതൽ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായാണ് മെഗാ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഈ പരിശ്രമങ്ങളിലൂടെ 3 മുതൽ 5 ലക്ഷം തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോകളിലും ലഭ്യമാക്കുക.കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (DWMS) രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ജോലിക്ക് അപേക്ഷിക്കാം. ഇവരെ സഹായിക്കാൻ എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ജോബ് സ്റ്റേഷനുകൾ ഉണ്ടാകും. വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണി പരിശീലനം നൽകി തൊഴിൽ പ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുഉള്ളതാണ് വിജ്ഞാനകേരളം ക്യാമ്പയിൻ. ഇത് അടുത്ത സാമ്പത്തിക വർഷം പ്രധാന വികസന പദ്ധതിയായി മാറുമെന്ന് പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു.