ഉത്തർപ്രദേശിലെ മീററ്റില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാതാപിതാക്കളെയും മൂന്ന് പെണ്‍മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിലുമായിരുന്നു. അഞ്ച് പേരുടെയും തലയില്‍ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം.
മെക്കാനിക്കായി ജോലി ചെയ്യുന്ന മോയിൻ, ഭാര്യ അസ്മ, മക്കള്‍ അഫ്സ (8), അസീസ (4), അദിബ എന്നിവരാണ് മരിച്ചത്. ഭാരമുള്ള വസ്തു കൊണ്ട് അടി കിട്ടിയതു പോലെയുള്ള മുറിവുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്‌എസ്പി വിപിൻ ടാഡ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌എസ്പി അറിയിച്ചു. ബുധനാഴ്ച ആരെയും പുറത്തു കാണാതിരുന്നതോടെയാണ് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മേല്‍ക്കൂരയിലൂടെയാണ് പൊലീസ് അകത്ത് കടന്നത്.