വിദേശത്തു നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച രാവിലെ 10:17 ന്, എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂർ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രന്റെ ഓമനയാണ് ‘ഇവ’.
”മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി, വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു. ‘ഇവ’യെ കൊണ്ട് വരാനുള്ള പ്രക്രിയകൾ സുഗമമാക്കി തന്ന സിയാലിന് നന്ദി”, തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു. ഈ വർഷം ജൂലൈയിൽ ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം സിയാലിൽ നിലവിൽ വന്നു.