ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും.
കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക. കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.
സീ പ്ലെയിൻ പത്രസമ്മേളനം ഇന്ന്
സീപ്ലെയിൻ പരീക്ഷണ പറക്കലുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിനായി ഇന്ന് രാവിലെ 11ന് ബോൾഗാട്ടി പാലസിൽ ചേരുന്ന പത്ര സമ്മേളനം കവർ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കൊച്ചിയുടെ ജലപ്പരപ്പിലേക്ക് വിമാനമിറങ്ങുകയാണ്.
നവംബർ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ ഇറങ്ങുക. വിമാനമിറങ്ങുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അവസരമുണ്ടായിരിക്കും.വിമാനത്തിൻ്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും.