വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം തേക്കടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. കുമളി ഹോളിഡേ ഹോമിൽ നടന്ന പരിപാടിയിൽ വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഇതാദ്യമായാണ് വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം തേക്കടിയിൽ നടക്കുന്നത്. ചീഫ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഗംഗാസിംഗ്, കുമിളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജനി ബിജു എന്നിവർ പങ്കെടുത്തു.
വന്യ ജീവിവാരാഘോഷത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങൾ, സെമിനാറുകൾ എന്നിവ നടത്തി. ഒക്ടോബർ 8 ന് നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ, കോളജ്, ക്ലബ്ബ്, വിവിധ ഇ.ഡി.സി.കൾ എന്നിവ പങ്കെടുക്കുന്ന ജനബോധന റാലി നടക്കും. കുമളി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ഹോളിഡേ ഹോമിലേക്കാണ് റാലി. റാലിയിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് മികവിൻ്റെ അടിസ്ഥാനത്തിൽ ക്യാഷ് അവാർഡും ട്രോഫികളും നൽകും .
നൂറ്ദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പദ്ധതിയിൽ ഉൾപ്പെടുത്തി മനുഷ്യ- വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനും കൃഷിവിളകൾ സംരക്ഷിക്കുന്നതിനുമായി പെരിയാർ ഈസ്റ്റ് ഡിവിഷനിൽ നടപ്പാക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം വള്ളക്കടവ് വനപർവ്വം ഓഡിറ്റോറിയത്തിൽ നടന്നു.
പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ് റെയിഞ്ചുകളിലെ പളിയക്കുടി മുതൽ വള്ളക്കടവ് (20.2 കി.മീ.), കോട്ടയം ഡിവിഷനിൽ എരുമേലി റെയിഞ്ചിലെ പൊൻനഗർ കോളനി മുതൽ സത്രം(7.6 കി.മീ.), കോപ്പ് ഹെൽത്ത് മാനേജ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തി എരുമേലി റെയിഞ്ചിലെ വളഞ്ചാൽ മുതൽ പന്നിയാർകുട്ടി (6.2 കി.മീ.), നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി എരുമേലി റെയിഞ്ചിലെ കണ്ടക്കയം മുതൽ മതമ്പ (16.0 കി.മീ), പ്ലാക്കടം (5.5 കി.മീ. വരെയും സൗരോർജ്ജ തൂക്കുവേലികൾ നിർമ്മിക്കുന്നതിന്റെയും, ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കോട്ടയം ഡിവിഷനിൽ നഗരംപാറ റെയിഞ്ചിൽ ആരംഭിക്കുന്ന ഇടുക്കി മൈക്രോവേവ് ഇക്കോടൂറിസം പദ്ധതിയുടെയും, ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇടുക്കി വന്യജീവി സങ്കേതത്തിലെ ഇടുക്കി ജലാശയത്തിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി 18ഉം 10ഉം വാഹകശേഷിയുള്ള ഓരോ ബോട്ടുകൾ വാങ്ങുന്ന പദ്ധതിയുടെ പ്രഖ്യാപനവും, ബോട്ട് ലാൻഡിംഗിൽ പവലിയൻ നിർ മ്മാണം, വെള്ളാപ്പാറയിൽ നിന്നും ലാൻഡിംഗിലേയ്ക്കുള്ള റോഡിന്റെയും നിലവിലുള്ള ടിക്കറ്റ് കൗണ്ടറിന്റെയും നവീകരണം ഉൾപ്പടെയുള്ള അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും ഉദ്‌ഘാടനം നടന്നു.