ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്.
അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ അഞ്ച് മണി വരെ 61.16% രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ പോളിംഗ് ഭുവനഗിരിയിലാണ് രേഖപ്പെടുത്തിയത്(72.34%). ഹൈദരാബാദിൽ പോളിംഗ് അഞ്ച് മണി വരെ 40 ശതമാനം പോലും കടന്നില്ല (39.17%).
എന്നാൽ മഹാരാഷ്ട്രയിൽ അഞ്ച് മണി വരെ 52.49% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ പോളിംഗ് നന്ദുർബറിലാണ് രേഖപ്പെടുത്തിയത്.
( 60.60%). പൂനെ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നില്ല.
ആന്ധ്രയിൽ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിംഗ്.
9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി.
മോദി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന ഇല്ലാതാക്കുമെന്ന് രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ പറഞ്ഞു.
പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്.
ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.
കേതുഗ്രാമില്‍ പ്രവർത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു.
ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി.
ബിർഭുമില്‍ ബൂത്തിന് മുൻപില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ഓഫീസ് തൃണമൂല്‍ അടിച്ചുതകർത്തുവെന്ന് ബിജെപി ആരോപിച്ചു.
കൃഷ്ണനഗറിലും ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ ബർദ്ധമാൻ ദുർഗാപൂരില്‍ കല്ലേറ് നടന്നു.
ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്.
കനൗജിലെ ഒരുബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു.
മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു. റായ്ബറേലിയില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി ഭരണഘടന ഉന്നയിച്ച് മോദിയെ വിമർശിച്ചു.
മഹാരാഷ്ട്രയിലെ നാലാം ഘട്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലും പോളിങ്ങിൽ ഉണർവ് കണ്ടില്ല.
നഗര കേന്ദ്രീകൃത മണ്ഡലങ്ങളെക്കാൾ ഗ്രാമീണ മണ്ഡലങ്ങളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി.
ജൽനയും ബീഡും അടക്കം മറാത്ത പ്രക്ഷോഭം ശക്തമായിരുന്ന മണ്ഡലങ്ങളിൽ വലിയ തോതിൽ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 96 സീറ്റുകളില്‍ 2019 ൽ 49 സീറ്റുകളില്‍ എൻഡിഎ വിജയം നേടിയിരുന്നു. 12 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയിരുന്നത്.