മധുര ഉസിലാംപട്ടിയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ കഞ്ചാവ് ഡീലറെ വെടിവെച്ച് പിടികൂടി. നവർപട്ടി സ്വദേശി പൊൻവണ്ടു ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് കമ്പത്ത് നിന്നുമാണ്. പൊലീസ് കോൺസ്റ്റബിൾ മുത്തു കുമാർ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ഉസിലാംപട്ടി പൊലീസ് സ്റ്റേഷനിലെ 34 കാരനായ പൊലീസ് കോൺസ്റ്റബിളിനെ വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപ്പെടുത്തിയത്.വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. തലയ്ക്ക് ഇഷ്ടിക കൊണ്ടാണ് അടിച്ച് കൊലപ്പെടുത്തിയത്. ടാസ്മാക് ഷോപ്പിന്റെ മുന്നിൽ നിന്ന് പൊൻവണ്ടുവും സംഘവും മദ്യപിക്കുന്നത് തടഞ്ഞതിനാണ് ആക്രമണം ഉണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച മുത്തുകുമാറിനെ പൊൻവണ്ടുവും സംഘവും ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ചു.സംഭവമറിഞ്ഞ് എത്തിയ ഉസിലാംപട്ടി പൊലീസ് മുത്തുകുമാറിനെ ഉസിലാംപട്ടിയിലെ സർക്കാർ ആശുപത്രിയിൾ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഘത്തെയും അതിന്റെ നേതാവിനെയും പിടികൂടാൻ ഉസിലാംപട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ചന്ദ്രശേഖര റാണിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് ഇന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് പിടികൂടിയത്.