ആസിഫ് അലി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘രേഖാചിത്ര’ത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ ഗൗതം മേനോന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. താൻ അടുത്ത കാലത്ത് കണ്ട മികച്ച 2 ചിത്രങ്ങളെന്ന് പറഞ്ഞുകൊണ്ട് രേഖാചിത്രം, ബോളിവുഡ് ചിത്രം സൂപ്പർ ബോയ്സ് ഓഫ് മാലേഗൺ എന്നീ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.“രേഖാചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്, അതിൽ സിനിമയിൽ നായികയാകാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. 80 കളിൽ റിലീസ് ചെയ്ത ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ നടന്നുവെന്ന് സങ്കൽപ്പത്തിലുള്ളൊരു കഥ നല്ലൊരു ചിത്രമാക്കി അവർ മാറ്റി” ഗൗതം മേനോൻ പറഞ്ഞു.

എന്നാൽ വീഡിയോയുടെ കമന്റ് ബോക്സിൽ സംവിധായകന്റെ ഏറെ വർഷങ്ങളായി റിലീസ് മാറ്റി വെച്ചിരിക്കുന്ന വിക്രം നായകനായ ധ്രുവനക്ഷത്രം എന്ന ചിത്രത്തെക്കുറിച്ചാണ് ആരാധകർക്ക് അറിയേണ്ടത്. ടീസർ റിലീസ് ചെയ്ത് 8 വർഷം കഴിഞ്ഞിട്ടും, പല തവണ റിലീസ് പ്രഖ്യാപിച്ചിട്ടും ചിത്രം ആരാധകരിലേക്ക് എത്തിയതേയില്ല.ആദ്യം സൂര്യയെ വെച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അദ്ദേഹം ഒഴിവായി വിക്രം പ്രോജെക്റ്റിലേക്ക് വരികയായിരുന്നു. പിന്നീട് നിർമ്മാതാക്കളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസവും വിക്രത്തിന്റെ ഡേറ്റ് ഇഷ്യുകളും കാരണം ചിത്രീകരണം നീണ്ടു. ചിത്രീകരണം പൂർത്തിയാക്കി മൂന്നു വർഷം കഴിഞ്ഞിട്ടും ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്