ഗുരുവായുരപ്പന് വഴിപാടായി 25 പവൻ തൂക്കം വരുന്ന പൊന്നിൻ കിരീടം.
ദുബായിയിൽ പണിതീർത്ത കമനീയമായ കിരീടം പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് ഇന്നലെ രാവിലെ ക്ഷേത്രത്തിൽ സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴലും രതീഷ് മോഹൻ സമർപ്പിച്ചിരുന്നു.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ ഏ.വി.പ്രശാന്ത്, വഴിപാട് സമർപ്പണം നടത്തിയ രതീഷ് മോഹൻ്റെ കുടുംബാംഗങ്ങൾ ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഇന്നലെ പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ശ്രീഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തിയായിരുന്നു പൂജ നിർവ്വഹിച്ചത്. 200.53 ഗ്രാം (25′.05 പവൻ) തൂക്കമുള്ള കിരീടം പൂർണമായും ദുബായിൽ നിർമ്മിച്ചതാണ്.ചടങ്ങിൽ വഴിപാടുകാരനായ രതീഷ് മോഹന് തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പൻ്റെ വിശിഷ്ട പ്രസാദങ്ങൾ നൽകി.