വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
അനന്തുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബി.ഡി.എസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.