ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്‍ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്‍ അടിച്ചാല്‍ തിരിച്ചടിക്കും. അവര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്‍ പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി