ജീവിത സങ്കടങ്ങൾക്കിടയിൽ ഏറെ പ്രതീക്ഷയോടെയാണ് കാച്ചാണി സ്വദേശികളായ സഹോദരിമാർ ശ്യാമള അമ്മയും സുഭദ്ര അമ്മയും അദാലത്ത് വേദിയിലെത്തിയത്. നിർധനരായ ഇരുവരും അവിവാഹിതരും മറ്റു ബന്ധുക്കളാരും സംരക്ഷിക്കാൻ ഇല്ലാത്തവരുമാണ്. നാട്ടുകാരുടെ സഹായത്തിലാണ് വയോധികരായ ഇവർ കഴിഞ്ഞു വരുന്നത്. ചുവപ്പ് റേഷൻ കാർഡിൽ നിന്നും അന്ത്യോദയ അന്നയോജന കാർഡിലേക്ക് പ്രയാസരഹിതമായ തരംമാറ്റം സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു സുഭദ്ര അമ്മ. എ എ വൈ റേഷൻ കാർഡ് അദാലത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സുഭദ്രാമ്മയ്ക്ക് നൽകി. എ എ വൈ റേഷൻ കാർഡ് മുന്നോട്ടുള്ള ജീവിതത്തിന് തങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് പറഞ്ഞ സുഭദ്രാമ്മ മന്ത്രിമാരായ ജി ആർ അനിലിലും വി ശിവൻ കുട്ടിയും നന്ദി പറഞ്ഞാണ് അദാലത്ത് വേദി വിട്ടത്.
ശിശുപാലന് ഇനി ജീവിതം ഇഴചേർക്കാം
തൻ്റെ ആകെയുള്ള വരുമാന മാർഗമായിരുന്ന കറവ പശു, തൊഴുത്ത് ഇടിഞ്ഞു വീണ് മരണപ്പെട്ടതോടെ ഭരതന്നൂർ സ്വദേശി ശിശുപാലൻ്റെ ജീവിതം ഇരുട്ടിലാവുകയായിരുന്നു. എട്ടുമാസം മുമ്പ് പെയ്ത മഴയിലാണ് തൊഴുത്ത് ഇടിഞ്ഞ് സമീപത്തുണ്ടായിരുന്ന കുഴിയിലേക്ക് പശു വീണ് ജീവനറ്റത്.
ജീവിതം മുന്നോട്ടു നീക്കാൻ മറ്റു പല തൊഴിൽ മാർഗ്ഗങ്ങളിൽ ഏർപ്പെട്ടെങ്കിലും ഇടയ്ക്കുണ്ടായ ഒരു വാഹനാപകടവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും ജീവിതത്തിൽ വിലങ്ങുതടിയാവുകയായിരുന്നു. ജീവിതമാർഗം കണ്ടെത്താൻ എന്തെങ്കിലും വഴി തെളിയുമെന്ന നേരിയ പ്രതീക്ഷയിലാണ് ശിശുപാലൻ അദാലത്ത് വേദിയിൽ മന്ത്രിമാർക്കരികിൽ എത്തിയത്. പശു നഷ്ടമായതിന് പതിനാറായിരം രൂപ നഷ്ട പരിഹാരം അനുവദിച്ചു നൽകിയതിന്റെ ഉത്തരവ് മന്ത്രിമാർ അദാലത്ത് വേദിയിൽ ശിശുപാലന് കൈമാറി.സർക്കാരിൽ നിന്ന് അനുവദിച്ച തുകയും തൻ്റെ കൈവശമുള്ള ചെറിയ സമ്പാദ്യവും കൂട്ടിച്ചേർത്ത് ചെറിയൊരു ജീവിതമാർഗം കോർത്തേടുക്കാം എന്ന പ്രതീക്ഷയിലാണ് ശിശുപാലൻ അദാലത്ത് വേദി വിട്ടിറങ്ങിയത്.