മലപ്പുറം പരാമർശ വിവാദത്തില്‍ വിശദീകരണം നല്‍കാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി കത്തയച്ചു.
സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ വ്യക്തമാക്കി. ഒപ്പം താൻ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറാത്തതായും കണക്കാക്കുമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ അവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നല്‍കി. സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ നടപടി. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.