കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്.അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു.സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്.വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്.ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം.വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിൽ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിൽ തെരഞ്ഞെടുത്തിരിക്കുന്നത്.ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിലിൽ ഏകാന്ത സെൽ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. 4.2 മീറ്റർ ഉയരവും സിസിടിവി നിരീക്ഷണത്തിന് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. 536 പേരെ പാർപ്പിക്കാൻ കഴിയുന്നതാണ് വിയ്യൂരിലെ അതീവ സുരക്ഷാ മേഖലയിലെ സെല്ലുകൾ. നിലവിൽ 125 കൊടും കുറ്റവാളികളാണ് ഇവിടെയുള്ളത്. സെല്ലുകളിൽ ഉള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല. ഭക്ഷണവും സെല്ലിൽ എത്തിക്കും. 6 മീറ്റർ ഉയത്തിലുള്ള മതിൽക്കെട്ടിന് അകത്താണ് സെല്ലുകൾ സ്ഥിതിചെയ്യുന്നത്.700 മീറ്റർ ചുറ്റളവിലുള്ള മതിലിന് മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതി വേലിയുമുണ്ട്.

