പുലർച്ചെ 3ന് തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം ഇനി ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രം അടയ്ക്കും. ഉച്ചയ്ക്ക് 3ന് നടയടച്ചാൽ 4ന് തുറന്ന് രാത്രി 9 വരെ ദർശനം തുടരും. ഇന്നലെ ദേവസ്വം ഭരണസമിതി തീരുമാനം എടുത്തതായി ചെയർമാൻ ഡോ. വി.കെ.വിജയൻ പറഞ്ഞു.ഇപ്പോൾ ഉച്ചയ്ക്ക് 2ന് നട അടച്ചാൽ വൈകിട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളിൽ 3.30നും തുറക്കും.എന്നാൽ ഭക്തരുടെ തിരക്ക് കാരണം ഉച്ചയ്ക്ക് 2ന് നട അടയ്ക്കാൻ കഴിയാറില്ല.2.45 വരെ ദർശനം അനുവദിക്കാറുണ്ട്. തിരക്ക് പരിഗണിച്ച് തന്ത്രിയുടെ നിർദേശം കൂടി സ്വീകരിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയത്. വഴിപാട് നടത്താൻ ഭക്തർ ഏറെനേരം ക്യൂ നിൽക്കുന്നത് പരിഹരിക്കാനും സംവിധാനമായി. ഫെഡറൽ ബാങ്കുമായി സഹകരിച്ച് പിഒഎസ് സംവിധാനം ഉപയോഗിച്ച് വഴിപാടു ശീട്ടാക്കാൻ ദേവസ്വം ജീവനക്കാർ ഭക്തരുടെ അടുത്തേക്ക് എത്തും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് അഡ്‌മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞു

