വടകരയില്‍ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ വിജയിക്കുമായിരുന്നു,കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നു: കെ മുരളീധരന്‍

തൃശൂര്‍: വടകരയില്‍ തന്നെ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

വടകരയില്‍ തന്നെ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നാണ് മുരളീധരന്റെ പരാതി.

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി.

എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

2019ല്‍ വട്ടിയൂര്‍ക്കാവ് സിറ്റിംഗ് എംഎല്‍എ ആയിരിക്കെയാണ് മുരളീധരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വടകരയില്‍ പി. ജയരാജനെ നേരിടാന്‍ എത്തിയത്.

അന്ന് മറ്റ് പലരും വടകരയില്‍ മത്സരിക്കാന്‍ മടിച്ച് പിന്‍മാറിയപ്പോഴാണ് മുരളീധരന്‍ പാര്‍ട്ടിക്ക് വേണ്ടി പോരിനിറങ്ങിയതും വിജയിച്ച് കയറിയതും.

അതിന് ശേഷം ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കാന്‍ വടകരയില്‍ നിന്ന് എത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 2021ല്‍ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

എന്നാല്‍ മുരളീധരന്‍ പിടിച്ച വോട്ടുകള്‍ കാരണം ബിജെപി നേമത്ത് പരാജയപ്പെട്ടിരുന്നു.ഇത്തവണ വടകരയില്‍ പ്രചാരണം ആരംഭിച്ച ശേഷമാണ് അദ്ദേഹം തൃശൂരിലേക്ക് മാറിയത്.

സഹോദരി പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതിനെ തുടര്‍ന്നാണ് മിന്നല്‍ നീക്കമെന്ന നിലയില്‍ കെ കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് മുരളീധരനെ എത്തിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തീരുമാനമായിരുന്നു പദ്മജ പാര്‍ട്ടി വിട്ട തൃശൂരില്‍ സഹോദരന്‍ മുരളിയെ ഇറക്കിയുള്ള പരീക്ഷണം.

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...