കോഴിക്കോട് കാരന്തൂരിൽ ഹോട്ടലിന് നേരെ ഉണ്ടായ കല്ലേറിൽ ഹോട്ടലിന്റെ ഗ്ലാസ് തകർന്ന് ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു. കുഴിമന്തിയെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ നൂറ് രൂപയ്ക്ക് മൂന്ന് പേർക്ക് കഴിക്കാൻ ഉള്ള കുഴിമന്തി വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു.കടക്കാരൻ ഇതു സാധ്യമല്ലെന്ന് പറഞ്ഞതോടെ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് പുറത്തിറങ്ങിയ യുവാക്കൾ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടി ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.