കോഴിക്കോട് : സംസ്ഥാനത്ത് എല്ലായിടത്തും വ്യാപക മഴ.
തോരാതെ പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിൽ വെള്ളം കയറി.
വെള്ളം റൂമുകളിൽ നിന്നും പമ്പ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണെന്നും, രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
കോഴിക്കോട് നാദാപുരത്ത് കനത്ത മഴയിൽ തൂണേരി കേളോത്ത് മുക്ക് റോഡിലേക്ക് കൂറ്റൻ ചെങ്കൽ മതിൽ തകർന്ന് വീണു.
ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാത്താതിനാലാണ് വലിയ അപകടം ഒഴിവായത്.
മഴയിൽ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു.
രാത്രി 8:30 യോടെയുണ്ടായ സംഭവത്തിൽ, അപകടത്തിൽ നിന്നും പൊലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തൃശ്ശൂരിൽ കനത്ത മഴയിൽ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകളിലത്തെ നിലയിലേക്ക് മാറ്റി.
ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്കേ നടപ്പുരയിലും വെള്ളം കയറി.