പി.എഫും പെൻഷൻ ഫണ്ടും എക്സംപ്റ്റഡ് ട്രസ്റ്റുകൾ വഴി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഉയർന്ന പെൻഷൻ നിഷേധിക്കപ്പെടുമെന്ന് റിപ്പോർട്ട്. സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻ ഷനുവേണ്ടി എക്സംപ്റ്റഡ് ട്രസ്റ്റുകളിലെ 7.21 ലക്ഷം പേർ ഓപ്ഷൻ നൽകിയെങ്കിലും അതിൽ അഞ്ചുലക്ഷത്തോളം അപേക്ഷകൾ തള്ളും.
പല ട്രസ്റ്റുകളുടെയും ചട്ടങ്ങളിൽ ഉയർന്ന ശമ്പളവിഹിതം പെൻഷൻഫണ്ടിലേക്ക് നൽകാൻ വകുപ്പില്ലെന്നുകാട്ടിയാണ് ഇ.പി.എഫ്.ഒ അപേക്ഷകൾ തള്ളുന്നത്. രാജ്യത്തെ 1500 ൽ പരം സ്ഥാപനങ്ങൾ എക്സംപ്റ്റഡ് ട്രസ്റ്റ് വഴിയാണ് പി എഫ് കൈകാര്യം ചെയ്യുന്നത്.ട്രസ്റ്റുകളുടെ സ്വന്തം ചട്ടങ്ങൾ അധികശമ്പളവിഹിതം പെൻഷൻഫണ്ടിലേക്ക് മാറ്റുന്നതിന് തടസ്സമാണെന്ന വാദമാണ് ഇ.പി.എഫ്.ഒ. ഉയർത്തുന്നത്.സുപ്രീംകോടതി വിധിക്കെതിരാണ് ഇ.പി.എഫ്.ഒ.യുടെ നടപടിയെന്ന് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 18-ന് ഇറക്കിയ വിശദീകരണക്കുറിപ്പാണ് എക്സംപ്റ്റഡ് ട്രസ്റ്റുകാരുടെ അപേക്ഷ തള്ളാൻ പി.എഫ്.ഓഫീസുകൾ ചൂണ്ടി ക്കാട്ടുന്നത്. ഉയർന്ന പെൻഷനുവേണ്ടി അധികവിഹിതം അടയ്ക്കാൻ അനുവദിക്കുംവിധം സുപ്രീംകോടതി വിധിക്കുശേഷം ട്രസ്റ്റ്‌ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിട്ടുണ്ടെങ്കിൽ അത് പരിഗണിക്കില്ലെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നുമുണ്ട്. അധികവിഹിതം അടയ്ക്കാൻ ചട്ടങ്ങൾ എതിരുനിൽക്കുന്ന എക്സംപ്റ്റഡ് ട്രസ്റ്റുകളുള്ള സ്ഥാപനങ്ങൾക്ക് ഇ.പി.എഫ്.ഒ. നോട്ടീസുകൾ അയച്ചുതുടങ്ങി. 2016-ലെ സുപ്രീം കോടതിവിധിപ്രകാരം നേരത്തേ ഉയർന്നപെൻഷൻ ലഭിച്ചിരുന്ന സ്ഥാപനങ്ങളെയാണ് ട്രസ്റ്റ്ചട്ടം ചൂണ്ടിക്കാട്ടി ഇ.പി.എഫ്.ഒ. ഒഴിവാക്കുന്നത്.