വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയിരിക്കുകയാണ്. വേനൽ മഴ തുടരുന്ന ഈ സാഹചര്യത്തിൽ പോലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല.
മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.
2333.72 അടിയായിരുന്ന വ്യാഴാഴ്ച രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായിട്ടും വെള്ളിയാഴ്ച ജലനിരപ്പ് 2333.10 ലേക്ക് താഴ്ന്നു.
മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം.
ചൊവ്വാഴ്ച ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ വെള്ളം ഉപയാഗിച്ച് ഉത്പാദിപ്പിച്ചത്. ബുധനാഴ്ച 11.98 ദശലക്ഷവും വ്യാഴാഴ്ച 15.56 ദശലക്ഷവുമാക്കി.
എന്തായാലും, കഴിഞ്ഞ വർഷത്തെപ്പോലെ ഷട്ടറുകൾ തുറക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.