ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അവസാന നിമിഷംവരെ പിടിച്ചുനിന്ന തൗഹീദ് ഹൃദോയ് സെഞ്ചുറിയും (100) ജാകെര്‍ അലി അര്‍ദ്ധ സെഞ്ചുറിയും നേടി. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല.ഷമി അഞ്ചുവിക്കറ്റുകള്‍ പിഴുതെപ്പോള്‍ ഹര്‍ഷിത് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നായകന്‍ ഷാന്റോ, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ പൂജ്യരായി മടങ്ങി. ഇതിനിടെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഉറപ്പിച്ച ഹാട്രിക് നിര്‍ഭാഗ്യം കൊണ്ട് അക്ഷര്‍ പട്ടേലിന് നഷ്ടമായി. രണ്ടാം പന്തില്‍ നിലയുറപ്പിച്ച തന്‍സീദ് ഹസ്സനെ(25) കീപ്പറുടെ കൈകളിലെത്തിച്ച അക്ഷര്‍ തൊട്ടടുത്ത പന്തില്‍ മുഷ്ഫിഖര്‍ റഹീമിനെയും അതേ മാതൃകയില്‍ പുറത്താക്കി. ഹാട്രിക് പന്ത് ജാക്കര്‍ അലിയുടെ ബാറ്റില്‍ നിന്ന് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കൈകളിലേക്ക്, ആഘോഷം തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ നിരാശയിലാഴ്ത്തി രോഹിത്ത് അനായാസ ക്യാച്ച് നഷ്ടമാക്കി.ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് എന്ന അപൂര്‍വ്വതയാണ് അക്ഷറിന് നഷ്ടമായത്.