പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയിലേക്കാണ് ഇന്ത്യ കടന്നരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് പാകിസ്താന് ഏറ്റവും കൂടുതൽ ബാധിക്കുക. മൂന്ന് യുദ്ധങ്ങൾ അതിജീവിച്ച കരാറാണ് ഇപ്പോൾ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും അതിർത്തികൾ അശാന്തമായി തുടരുമ്പോഴും കരാറിന് ഉലച്ചിൽ സംഭവിച്ചിരുന്നില്ല. എന്നാൽ പഹൽ ഹഗാമിൽ നിരപരാധികളായ 26 പേരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കിയതോടെയാണ് ഇന്ത്യ കരാറിൽ നിന്ന് പിന്മാറാനുള്ള നിലപാടിലേക്ക് കടന്നത്.സിന്ധു നദിയിൽ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ നിന്നുമുള്ള ജലവിതരണവും നിർത്തലാകും. ഈ നദികളാണ് പാകിസ്താനിൽ ജലവിതരണം നടക്കുന്നത്. കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വർഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങൾക്കടക്കം സിന്ധു നദീതടത്തിൽ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നത്. വെള്ളം ഉപയോഗിക്കുന്നതിൽ ധാരണ വേണമെന്ന ആവശ്യമാണ് സിന്ധു നദീജല കരാറിലെത്തിയത്.1960 സെപ്റ്റംബർ 19-നാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഈ കരാർ ഒപ്പിട്ടത്. കറാച്ചിയിൽവച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകൾ പ്രകാരം കിഴക്കൻ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ച് നൽകിയിരുന്നു. കരാർ പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാകിസ്താനുമാണ്.1965, 1971, 1999 എന്നീ വർഷങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മൂന്ന് യുദ്ധങ്ങളിലും ഉടമ്പടിയെ പിടിച്ചുലച്ചിരുന്നില്ല. എന്നാൽ അതിർത്തികളിൽ പാകിസ്താന്റെ തുടർച്ചയായ പ്രകോപനങ്ങളെ തുടർന്ന് കരാർ വീണ്ടും ചർച്ചയിലേക്ക് എത്തി. കൂടാതെ ഇന്ത്യ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതികളെ എതിർത്ത് പാകിസ്താൻ രംഗത്തെത്തിയിരുന്നു. ഇതിൽ 330 മെഗാവാട്ടിന്റെ കിഷൻഗംഗ പദ്ധതി 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. 850 മെഗാവാട്ടിന്റെ രത്ലെ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യയുടെ മാറ്റൊരു പദ്ധതി. ഈ രണ്ട് പദ്ധതികൾക്കുമെതിരെ പാകിസ്താൻ രംഗത്തെത്തിയത്. പദ്ധതി വരുന്നതോടെ തങ്ങളുടെ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നായിരുന്നു പാകിസ്താന്റെ വാദം. അതേസമയം കരാറിൽ ഭേദഗതി ആവശ്യമാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആവശ്യപ്പെടുന്നകാര്യമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഉടമ്പടി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്താന് നോട്ടീസ് നൽകിയിരുന്നു പാകിസ്ഥാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരതയാണ് നോട്ടീസിന് പിന്നിലെ ഒരു കാരണമെന്ന് ചില റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.2016-ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാർ റദ്ദാക്കണമെന്ന് കേന്ദ്രമന്ത്രിമാർ ആവശ്യം ഉന്നയിച്ചിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് അന്ന് പ്രധാനമന്ത്രിയും നിലപാടെടുത്തിരുന്നു. എന്നാൽ അന്ന് കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഭീകരാക്രമണം നടന്നതിന് പിന്നാലെ സൗദി സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ വെച്ച് വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭാ സമിതി യോഗം ചേരാനും തീരുമാനിച്ചത്. ഈ യോഗത്തിലാണ് ഇന്ത്യ കർശന നടപടിയിലേക്ക് കടന്നത്