ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ പുറത്തിറങ്ങുക രണ്ടുഭാഗങ്ങളായി. വമ്പൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ നിർമാതാക്കളിൽ ഒരാളായ നമിത് മല്‍ഹോത്രയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.‘5000 വർഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാൻ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതിൽ ഞാൻ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരൂ,’ നമിത് മല്‍ഹോത്ര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു