ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ്.
ജില്ലയിലെ ആദ്യ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു.
കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെത്തി മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമാണ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലയളവില്‍ അനധികൃത പണമിടപാടുകള്‍, മദ്യ-മയക്കുമരുന്നിന്റെ ജലമാര്‍ഗമുള്ള ഒഴുക്ക് എന്നിവ തടയുന്നതിനായാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.
ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, പോലീസ്, വീഡിയോഗ്രാഫര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സ്‌ക്വാഡ്.
സ്പീഡ് ബോട്ടിലാണ് ഫ്ളയിംഗ് സ്‌ക്വാഡ് സഞ്ചരിക്കുക.
എ.ഡി.എം. വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, തഹസീല്‍ദാര്‍മാരായ എസ്. അന്‍വര്‍, പി.വി. ജയേഷ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.