സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യുനമർദമായി ശക്തിപ്രാപിച്ച് ഇന്ന് ചുഴലിക്കാറ്റായും വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച അതിരാവിലെയോ തീവ്ര ചുഴലിക്കാറ്റ് ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റർ വരെ വേഗതയില്‍ കരതൊടാനാണ് സാധ്യത.