അഞ്ചുകോടി രൂപയുമായി ഹോട്ടലില്‍ നിന്ന് താവ്ഡെയെ കൈയോടെ പിടികൂടിയെന്നും ബഹുജൻ വികാസ് അഘാഡി(ബി.വി.എ) പ്രവർത്തകർ അവകാശപ്പെട്ടു.ബി.ജെ.പി സ്ഥാനാർഥി രാജൻ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്ഡെ എത്തിയതെന്നും ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചു. എന്നാല്‍ ആരോപണം താവ്ഡെ തള്ളി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നമെന്നും താവ്ഡെ ആവശ്യപ്പെട്ടു. പോളിങ്ങിനെയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെയും കുറിച്ച് സ്ഥാനാർഥിയുമായി ചർച്ച ചെയ്യാനായി എത്തിയ തന്നെ തടഞ്ഞുനിർത്തുകയായിരുന്നുവെന്നാണ് താവ്ഡെയുടെ വാദം. ‘അവർ വിചാരിച്ചത് ഞാൻ പണം കൈമാറാനായി എത്തിയതാണെന്നാണ്. തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ എന്റെ വാഹനം പരിശോധിച്ചതാണ്. എന്നാല്‍ ഒന്നും കണ്ടെത്തിയിട്ടില്ല. അവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണം.’-താവ്ഡെ പറഞ്ഞു. വിരാർ ഈസ്റ്റിലെ വിവന്ത ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി.ജെ.പി സ്ഥാനാർഥിയായ രാജൻ നായിക്കുമായുള്ള കൂടിക്കാഴ്ചക്കായി ഹോട്ടലില്‍ എത്തിയതാണ് താവ്ഡെ. നലസോരപ്പ മണ്ഡലത്തിലാണ് രാജൻ നായിക്ക് മത്സരിക്കുന്നത്. കൂടിക്കാഴ്ചക്കിടെ അവിടേക്ക് വന്ന ബി.വി.എ പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന് ആരോപണമുയർത്തി. താവ്ഡെയുടെ ബി.ജെ.പിയുടെ അനുയായികളും ആരോപണം നിഷേധിച്ചു. ബി.വി.എ തെറ്റിദ്ധരിച്ചതാണെന്നും പണം വിതരണം ചെയ്തുവെന്നത് അവർ കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പി ആരോപിച്ചു