മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്ന വിഭാഗം തങ്ങൾ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാൻ വ്യഗ്രതകാട്ടുന്നത് എന്തിനാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്. മലങ്കരസഭയും ഭിന്നിച്ച് നിൽക്കുന്ന വിഭാഗവും വ്യത്യസ്ത സഭകളാണെന്ന അവകാശവാദമാണ് അവർ ഉന്നയിക്കുന്നത്. നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരിൽ ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ നിലവിലുള്ള നിയമത്തെ അനുസരിക്കാത്തത് കൗതുകകരമാണ്. മലങ്കരസഭ എല്ലാ കോടതി വിധികളെയും അംഗീകരിച്ചിട്ടുണ്ട്. ഭാരത്തിന്റെ പരമോന്നത കോടതിയുടെ വിധിയെ മാനിക്കുക എന്നത് ഭാരതസഭയുടെ ധർമ്മമാണ്. എന്നാൽ വൈദേശിക പൗരനായ പാത്രിയർക്കീസിനെ കൂട്ടുപിടിച്ച് ഭാരതത്തിന്റെ കോടതിവിധികളെയും രാജ്യത്തിന്റെ നിയമത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നതാരാണെന്ന് പൊതുസമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.തങ്ങൾ വ്യത്യസ്ത ആചാരങ്ങളും, വിശ്വാസങ്ങളും പിന്തുടരുന്നവരാണെന്നാണ് മറ്റൊരുവാദം. ഭിന്നിച്ച് നിൽക്കുന്നവർക്ക് എന്നു മുതലാണ് വ്യത്യസ്ത ആരാധനാക്രമം ഉണ്ടായതെന്ന് മനസിലാകുന്നില്ല. ഓർത്തഡോക്സ് സഭ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തതും, സുറിയാനിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ആരാധനാക്രമങ്ങളാണ് ഭിന്നിച്ച് നിൽക്കുന്നവർ വർഷങ്ങളായി ഉപയോഗിക്കുന്നത്. മലങ്കരസഭയിലെ ഭിന്നിച്ച് നിൽക്കുന്നവർ എന്നതാണ് സുപ്രീംകോടതി നൽകിയിട്ടുള്ള വിലാസം. അതിൽ നിന്ന് മാറി വ്യത്യസ്ത സഭ എന്ന് വാദിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ മലങ്കരസഭയുടെ പള്ളികളിൽ തുടർന്നുകൊണ്ട് മറ്റൊരു സഭയാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്. മലങ്കരമക്കളെ അടർത്തിമാറ്റി മറ്റൊരു സഭ സൃഷ്ടിക്കുന്നതും ഖേദകരമാണ്. മലങ്കരസഭയുടെ പള്ളികളെയും, ഒരുമിച്ച് നിൽക്കാൻ മനസുള്ള സഭാമക്കളെയും തിരികെ നൽകിയ ശേഷമാകണം വേറിട്ട സഭ എന്ന പ്രഖ്യാപനം. അല്ലാത്തപക്ഷം ഭാരതത്തിന്റെ നിയമത്തിന് മുന്നിൽ മറുവിഭാഗത്തിന് മറുപടി നൽകേണ്ടി വരുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.