മലപ്പുറം അരീക്കോട് ഫുട്‌ബാള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്.
ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ചെമ്ബ്രകാട്ടൂരില്‍ നടന്ന ഫൈവ്സ് ഫുട്ബാള്‍ ഫൈനല്‍ മത്സരത്തിനിടയിലാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിന് (21) നേരെ ആക്രമണമുണ്ടായത്.
പരിക്കേറ്റ ഇദ്ദേഹം കൊണ്ടോട്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഹസനുള്‍പ്പെടെയുള്ള കളിക്കാർ അണിനിരന്ന പൂക്കൊളത്തൂർ ടീമും വെള്ളേരി ടീമുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
ആദ്യപകുതിയില്‍ പൂക്കൊളത്തൂർ ടീം ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നതിനിടെ ഹസനെ എതിർ ടീമിന്റെ ആരാധകർ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി.