അഴകിൻ്റെ താരറാണി ജയഭാരതിക്ക് ഇന്ന് സപ്തതി

മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താര സുന്ദരികളിലൊരാളായ ജയഭാരതിക്ക് ഇന്ന് 70 വയസ്.

ഒരേ കാലത്ത് തന്നെ നായികയായും പ്രതി നായികയായും ദേവതയായും, കാമുകിയായും,വെപ്പാട്ടിയായും, കാബറെ നർത്തകിയായും, രതി രൂപിണിയായും, ക്ലാസിക്കൽനർത്തകിയായും, പതിവ്രതയായും ‘കളങ്കിത’യായും ഒരേ ഉശിരോടെയും ഉണർവ്വോടെയും അഭിനയിച്ച മലയാളത്തിലെ അപൂർവ്വ പ്രതിഭ.

പ്രതിഛായാ നഷ്ടം ഭയക്കാതെയുള്ള അഭിനയ ജീവിതം കൊണ്ട് അവരെ കൂടുതൽ കഥാപാത്രങ്ങൾ തേടി എത്തി.

1970 – 80 കളിൽ ജയഭാരതി തിരശ്ശീലയിലെത്തിയാൽ ഒരാർപ്പാണ്. യുവാക്കളുടെ ഹൃദയമിടിപ്പായിരുന്ന നായികയായിരുന്നു അവർ..ചെറിയ തമിഴ് ചായ് വുള്ള മലയാളത്തിലാണെങ്കിലും ജയഭാരതി താനഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു.

ആ ശബ്ദവും ഉച്ചാരണരീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു.
ചിത്രകാരന്മാർ പോലും തങ്ങളുടെ മലയാളി പെൺകൊടികളുടെ ചിത്രങ്ങളിൽ റോൾ മോഡലായി സ്വീകരിച്ചിരുന്നത് ജയഭാരതിയെ മനസ്സിൽ കണ്ടായിരുന്നു.

1954 ജൂൺ 28-ന് കൊല്ലം തേവള്ളി ഓലയിൽ തുമ്പു വടക്കേൽ ശിവശങ്കരൻ പിള്ളയുടെയും ശാരദയുടെയും മകളായിട്ടാണ് ലക്ഷ്മിഭാരതി എന്ന ജയഭാരതി ജനിച്ചത്. മാതാപിതാക്കൾ പിരിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് ജീവിതം പറിച്ചുനട്ടു.

അഞ്ചാം വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ജയഭാരതി വളരെ ചെറുപ്പത്തിലേ തന്നെ സിനിമയിൽ അഭിനയിക്കാനും തുടങ്ങി. 1967-ൽ ശശികുമാർ സംവിധാനം ചെയ്ത പെണ്മക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.

അന്ന് പ്രായം 13 വയസും 8 മാസവും. തുടർന്ന് കുറച്ചു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ജയഭാരതി 1968 പുറത്തിറങ്ങിയ തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ നായികയായി.

അതിലെ മറ്റൊരു നായിക ഷീലയായിരുന്നു.പിന്നീട് മലയാളത്തിലെ മുൻനിര നായികയായി ജയഭാരതി വളർന്നു. പതിനഞ്ചു വർഷത്തോളം മലയാളസിനിമയിൽ നായികാനടി ആയി നിലനിന്നു അവർ. ഇക്കാലയളവിൽ പ്രേംനസീർ, മധു ,ജയൻ, സോമൻ, വിൻസെന്റ്, രജനീകാന്ത്, കമലഹാസൻ എന്നിവരുടെയെല്ലാം നായികയായി മലയാളസിനിമയിലും തമിഴ് സിനിമയിലും ജയഭാരതി അഭിനയിച്ചു.

വിവിധ സിനിമകളിലെ അഭിനയത്തിന് 1972- ലും മാധവിക്കുട്ടിയിലെ അഭിനയത്തിന്1973- ലും ജയഭാരതിയ്ക്ക് മികച്ചനടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1991 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത മറുപ്പക്കം എന്ന തമിഴ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ജയഭാരതിയെ തേടിയെത്തി.

ചലച്ചിത്രനിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്.
പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു.1984 ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണികൃഷ്ണൻ) സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...