ഒരാള്‍ ഒരു കാര്യത്തിനുവേണ്ടി വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ശകുനം കണ്ടതു പരിചയക്കാരനായ ഒരു നമ്പൂരിയെയാണ്.
ഒറ്റബ്രാഹ്മണനെ ശകുനം കണ്ടെറങ്ങീട്ട് എന്തൊക്ക്യാണാവോ വരാമ്പോണത്!–
അയാളുടെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി.
നമ്പൂരി അതു കേള്‍ക്കുകയും ചെയ്തു.
എന്നാലും കേട്ടതായി ഭാവിക്കാതെ ഇങ്ങനെ ചോദിച്ചു:
താനെപ്ലാ മടങ്ങ്യെത്താ?”
“സന്ധ്യാവും.”
“ശരി, എന്നാ പോയിവരാ എന്നു പറഞ്ഞുകൊണ്ട് നമ്പൂരി നമ്പൂരിയുടെ വഴിക്കു നടന്നു.
അപരന്‍ അയാളുടെ വഴിക്കും പോയി.
സന്ധ്യയ്ക്കുമുമ്പുതന്നെ നമ്പൂരി അയാളുടെ വീട്ടിലെത്തി അയാള്‍ വരുന്നതു കാത്തിരുന്നു.
അയാള്‍ വന്നുകയറിയതും നമ്പൂരി ചോദിച്ചു:
“എന്തായി പോയ്യേ കാര്യം?”
“ഒറ്റബ്രാഹ്മണനെ ശകുനം കണ്ടതിന്‍റെ ഫലം ശരിക്കും കിട്ടി.”
“കാര്യം ശരിയായില്ല്യാന്നുതന്ന്യല്ല, ഒരുപാട് വെഷമങ്ങള്ണ്ടാവേം ചെയ്തു.”
“ഉച്ചയ്ക്കു പഷ്ണീം പറ്റി.”
“ഇപ്പോ എനിക്ക് സമാധാനായി!”
“എന്ത്! എനിക്ക് വെഷമം പറ്റിയതില് തിരുമേനിക്ക് സമാധാനാ?”
“തനിക്ക് വെഷമം പറ്റ്യേലല്ല എനിക്ക് സമാധാനം.”
“ഞാന്‍ സാക്ഷാല്‍ ബ്രാഹ്മണന്‍തന്ന്യാന്ന് ഒറപ്പായ്യേലാ, ഞാന്‍ ശുദ്ധ നമ്പൂരിക്ക് തന്ന്യാ പെറന്നേക്കണന്ന്ള്ളേന് ഇനി വേറെ തെളിവന്വേഷിക്കണ്ടലൊ.”