മുളയറ സ്വദേശി മഞ്ജുവിന് തൻ്റെ അമ്മ സുശീലയെ നഷ്ടപ്പെടുന്നത് മൂന്നുമാസം മുൻപാണ്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്നു സുശീല. പഞ്ചായത്തിലെ തൊഴിലുറപ്പു പ്രവർത്തികൾക്കിടെ കടന്നൽ കുത്തേറ്റായിരുന്നു സുശീല മരണപ്പെട്ടത്. ഭർത്താവ് മരിച്ചു പോയ മഞ്ജുവിനും കുട്ടികൾക്കും താങ്ങായിരുന്നു അമ്മ. ആശ്വാസമായി ലഭിക്കുന്ന തുകയിലുള്ള തീരുമാനം വേഗത്തിലാകും എന്ന പ്രതീക്ഷയിലാണ് മഞ്ജു അദാലത്തിൽ മന്ത്രിമാരായ ജി ആർ അനിലിനും വി ശിവൻകുട്ടിയ്ക്കും അരികിലെത്തിയത്.
മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളിയുടെ അവകാശിക്ക് എക്സ്‌ഗ്രേഷ്യ തുകയായ എഴുപത്തി അയ്യായിരം രൂപ അദാലത്തിൽ മന്ത്രിമാർ അനുവദിച്ചു. പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മഞ്ജു കൈപ്പറ്റി. ഉത്തരവ് പ്രകാരം ആം ആത്മി ബീമായോജന പദ്ധതി പ്രകാരമുള്ള സഹായതുക അരുവിക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകും. നിയമാനുസൃത അവകാശസാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് എക്സ്ഗ്രേഷ്യ തുക മഞ്ജുവിന് ലഭിക്കുകയും ചെയ്യും.നടപടികൾ വേഗത്തിലായതിന്റെ ആശ്വാസത്തിൽ മന്ത്രിമാർക്ക് നന്ദി പറഞ്ഞ് മഞ്ജു അദാലത്ത് വേദിയുടെ പടിയിറങ്ങി.