ചേസിനെ മലയാളത്തിലെത്തിച്ച കെ. കെ. ഭാസ്‌ക്കരന്‍ പയ്യന്നൂര്‍

മുഹമ്മദ് തട്ടാച്ചേരി

കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, വേളൂര്‍ പി. കെ. രാമചന്ദ്രന്‍, നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ബോസ് തുടങ്ങിയ മലയാളത്തിലെ അപസര്‍പ്പക സാഹിത്യ രംഗത്തെ മുന്‍നിര എഴുത്തുകാരെപ്പോലെയോ അല്ലെങ്കില്‍ അവരേക്കാളുമേറെയോ മലയാളിക്ക് പരിചിതനും പ്രിയങ്കരനുമാണ് ആംഗലേയ അപസര്‍പ്പക സാഹിത്യരംഗത്തെ മുടിചൂടാമന്നനായിരുന്ന ജെയിംസ് ഹാഡ്ലി ചേസ്.

അദ്ദേഹം എഴുതിയ കുറ്റാന്വേഷണനോവലുകളില്‍ ഭൂരിഭാഗവും ഭാഷാന്തരത്തിലൂടെ മലയാളത്തിലും വന്നിട്ടുണ്ട്.

ഈ അപൂര്‍വ്വ സൗഭാഗ്യം നമുക്ക് സ്വന്തമാക്കാനായത് ഒരാളുടെ അക്ഷീണമായ പ്രയത്‌നം കാരണമാണ്.

അദ്ദേഹമാണ് കെ. കെ. ഭാസ്‌ക്കരന്‍ പയ്യന്നൂര്‍ എന്ന കൃതഹസ്തനായ ചേസിന്റെ വിവര്‍ത്തകന്‍.
ജെയിംസ് ഹാഡ്‌ലി ചേസിന്റെ പ്രശസ്തങ്ങളായ എഴുപത്തഞ്ചിലധികം നോവലുകള്‍ ഇതുവരെയായി ഭാസ്‌കരന്‍ പയ്യന്നൂര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

അവയിലേറെയും പുസ്തകരൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിമിത്രം, കൈരളി മുദ്രാലയം, എന്‍ ബി എസ്, സി ഐ സി സി, ഡോണ്‍ ബുക്‌സ് എന്നീ പ്രസാധകരാണ് മലയാളത്തില്‍ ചേസ് നോവലുകളുടെ പ്രസിദ്ധീകരണത്തില്‍ മുന്‍പന്തിയില്‍.

ജനപ്രിയ സാഹിത്യവുമായി അകല്‍ച്ച പാലിക്കാറുള്ള മാതൃഭൂമിയും ഇപ്പോള്‍ ചേസ് വിവര്‍ത്തനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.

ചില നോവലുകള്‍ മലയാളത്തില്‍ പത്തു പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ചേസിന്റെ വിവര്‍ത്തകന്‍ എന്ന നിലയിലുള്ള ഭാസ്‌ക്കരന്‍ പയ്യന്നൂരിന്റെ രംഗപ്രവേശം 1980ല്‍ ആയിരുന്നു.

അദ്ദേഹം അന്ന് അഹമ്മദാബാദിലെ പ്രസിദ്ധമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ചേസിന്റെ ‘ജസ്റ്റ് അനദര്‍ സക്കര്‍’ എന്ന നോവലാണ് വിവര്‍ത്തനത്തിനായി ഭാസ്‌ക്കരന്‍ ആദ്യം തെരഞ്ഞെടുത്തത്.

അദ്ദേഹം ആദ്യമായി വായിച്ച ചേസിന്റെ നോവലും അതു തന്നെയാണ്.

വിവര്‍ത്തനത്തിന് ‘മറ്റൊരു നീരാളി’ എന്ന് പേരിട്ടു.

അന്നത്തെ ഔദ്യോഗികമായ തിരക്കുകള്‍ കാരണം ‘മറ്റൊരു നീരാളി’ പൂര്‍ത്തിയാക്കാന്‍ ഭാസ്‌ക്കരന് രണ്ടു മാസം വേണ്ടി വന്നു.

വിവര്‍ത്തനം പൂര്‍ണ്ണമായപ്പോള്‍ അത് ഏതെങ്കിലും വാരികയ്ക്ക് അയച്ചു കൊടുത്താലോ എന്ന ചിന്ത മനസ്സില്‍ ഉയര്‍ന്നുവന്നു.

അങ്ങനെയാണ് ‘മറ്റൊരു നീരാളി’ ഭാസ്‌ക്കരന്‍ ജനയുഗം വാരികയ്ക്ക് അയച്ചു കൊടുക്കുന്നത്.

ജനയുഗം അക്കാലത്തെ മലയാളത്തിലെ അറിയപ്പെടുന്ന വാരികയാണ്.

അക്ഷമയോടെയും അതോടൊപ്പം ഏറെ പ്രതീക്ഷയോടെയുമുള്ള കാത്തിരിപ്പായിരുന്നു പിന്നെ.

പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭാസ്‌ക്കരനെ തികച്ചും നിരാശപ്പെടുത്തിക്കൊണ്ട് ജനയുഗം ഓഫീസില്‍ നിന്നും നോവലിന്റെ കൈയെഴുത്തുപ്രതി തിരിച്ചു വന്നു.

ജനയുഗം പത്രാധിപരുടെ ഒരു കുറിപ്പും അതോടൊപ്പം ഉണ്ടായിരുന്നു: ‘ഇങ്ങനെയുള്ള നോവലുകളൊന്നും മലയാളികള്‍ക്ക് ഇഷ്ടമാവില്ല.

കൈയെഴുത്ത് പ്രതി തിരിച്ചയക്കുന്നു.’

ഈയൊരനുഭവം ഭാസ്‌ക്കരന്‍ പയ്യന്നൂരിനെ വല്ലാതെ നിരാശനാക്കി.

ഇനി ഈ പണിക്ക് താനില്ലെന്ന് അദ്ദേഹം മനസ്സില്‍ ദൃഢനിശ്ചയം ചെയ്തു.

ജനയുഗത്തില്‍ നിന്ന് തിരികെ വന്ന ‘മറ്റൊരു നീരാളി’യുടെ കൈയെഴുത്ത് പ്രതി അദ്ദേഹം ജോലി സ്ഥലത്തുള്ള ചവറ്റുകുട്ടയില്‍ കളഞ്ഞു.

ഒരെഴുത്തുകാരനാവാനുള്ള മനസ്സിലെ മോഹമെല്ലാം പാടെ കളഞ്ഞിട്ട് ഭാസ്‌ക്കരന്‍ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഊളിയിടുകയും ചെയ്തു.

പക്ഷേ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാസ്‌കരനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ജനയുഗം പത്രാധിപരുടെ ഒരു കത്ത് വന്നു.

അതില്‍ ഇങ്ങനെയാണെഴുതിയിരുന്നത്: ‘ഞങ്ങള്‍ തിരിച്ചയച്ച നോവല്‍ മറ്റാര്‍ക്കും കൊടുത്തിട്ടില്ലെങ്കില്‍ ഇങ്ങോട്ടു തന്നെ അയച്ചു തരൂ. ജനയുഗത്തില്‍ പ്രസിദ്ധീകരിക്കാം.’
അത്യാഹ്ലാദം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നിയ നിമിഷങ്ങള്‍! മലയാളത്തിലെ പ്രമുഖമായ ഒരു വാരികയില്‍ തന്റെ നോവല്‍ വിവര്‍ത്തനം അച്ചടിച്ചു വരാന്‍ പോകുന്നു!

പക്ഷേ ആ ആനന്ദമുഹൂര്‍ത്തം പെട്ടെന്ന് തന്നെ കടുത്ത നിരാശതാബോധത്തിനു വഴിമാറി.

നോവലിന്റെ കൈയെഴുത്തുപ്രതി വെറുതെ കളഞ്ഞതിലുള്ള നഷ്ടബോധം അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങി.

പിന്നെയെല്ലാം ഒരു വാശിയായിരുന്നു.

‘ജസ്റ്റ് അനദര്‍ സക്കര്‍’ അദ്ദേഹം വീണ്ടും പരിഭാഷപ്പെടുത്താന്‍ തുടങ്ങി. ഊണും ഉറക്കവും ഉപേക്ഷിച്ചായിരുന്നു ഇത്തവണ വിവര്‍ത്തനത്തില്‍ മുഴുകിയത്.

നേരത്തേ രണ്ടു മാസമെടുത്ത് ചെയ്ത പരിഭാഷ ഇത്തവണ മൂന്നാഴ്ച കൊണ്ട് പൂര്‍ത്തിയാക്കി.

വിവര്‍ത്തനം പൂര്‍ത്തിയായ ഉടനെ ജനയുഗത്തിനയച്ചു കൊടുത്തു.

വലിയ പ്രാധാന്യത്തോടെ ‘മറ്റൊരു നീരാളി’ ജനയുഗത്തില്‍ പ്രസിദ്ധപ്പെടുത്തി.

വായനക്കാരുടെ ഭാഗത്തു നിന്നു വന്ന പ്രതികരണങ്ങളൊക്കെയും ഗംഭീരങ്ങളായിരുന്നു.

ജെയിംസ് ഹാഡ്‌ലി ചേസിന്റെ മലയാള വിവര്‍ത്തകന്‍ എന്ന ഖ്യാതി എക്കാലത്തേക്കുമായി ഭാസ്‌ക്കരന്‍ പയ്യന്നൂരിന് നേടിക്കൊടുത്തത് മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി അദ്ദേഹം ചെയ്ത വിവര്‍ത്തനങ്ങളാണെന്നു പറയാം.

‘ദി വള്‍ച്ചര്‍ ഈസ് എ പേഷ്യന്റ് ബേഡ് ‘ എന്ന നോവലിന്റെ വിവര്‍ത്തനമാണ് അദ്ദേഹം മനോരമയ്ക്കു വേണ്ടി ആദ്യം തയ്യാറാക്കിയത്.

‘വിഷമോതിരം’ എന്ന ശീര്‍ഷകമാണ് പരിഭാഷയ്ക്ക് നല്കിയത്.

ഇവിടെയും അപ്രതീക്ഷിതമായി ഉണ്ടായ ദുരനുഭവങ്ങള്‍ ഭാസ്‌ക്കരന്റെ മനസ്സിനെ നോവിക്കുകയുണ്ടായി.

‘വിഷമോതിരം’ എഴുതിവരുമ്പോള്‍ പ്രശസ്ത സാഹിത്യകാരനായ ഉറൂബ് ആയിരുന്നു മനോരമ വാരികയുടെ പത്രാധിപര്‍.

നോവല്‍ വായിച്ച് തൃപ്തനായ ഉറൂബ് അത് പ്രസിദ്ധീകരിക്കാമെന്നേറ്റിരുന്നു.

പക്ഷേ അപ്രതീക്ഷിതമായിരുന്നു ഉറൂബിന്റെ നിര്യാണം.

പിന്നീട് പത്രാധിപസ്ഥാനത്തു വന്ന കെ. എം. തരകന് വിഷമോതിരത്തോട് വലിയ താല്പര്യമൊന്നും തോന്നിയില്ല.

എങ്കിലും ഒരു പരീക്ഷണാര്‍ത്ഥം മനോരമയില്‍ അതിന്റെ പ്രസിദ്ധീകരണം തുടങ്ങി നോക്കാം എന്ന നിലപാടെടുത്തു അദ്ദേഹം.

നോവലിന്റെ ആറ് അധ്യായങ്ങള്‍ വാരികയില്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ സമയത്ത് പത്രാധിപരെ വന്നു കണ്ട ഭാസ്‌ക്കരനോട് തരകന്‍ കലി തുള്ളുകയായിരുന്നു.

വിഷമോതിരം വായനക്കാര്‍ക്ക് ഒട്ടും രുചിക്കുന്നില്ലെന്നും വാരികയുടെ സര്‍ക്കുലേഷനില്‍ വലിയ കുറവ് വരുകയാണെന്നും തരകന്‍ കുറ്റം കണ്ടെത്തി.

ഇനിയൊരു ആറ് അധ്യായങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചു നോക്കുമെന്നും എന്നിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ വാരികയില്‍ നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ വിഷമോതിരത്തിന്റെ പ്രസിദ്ധീകരണം മനോരമയ്ക്ക് നിര്‍ത്തി വെക്കേണ്ടി വന്നില്ല.

ഭാസ്‌ക്കരന്‍ പയ്യന്നൂര്‍ എന്ന എഴുത്തുകാരന്റെ സമയം തെളിഞ്ഞു വന്നു.

വായനക്കാരില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ വരാന്‍ തുടങ്ങി. പത്രാധിപര്‍ സംപ്രീതനായി.

വാരികയുടെ സര്‍ക്കുലേഷനും വര്‍ദ്ധിച്ചു. 45 അധ്യായങ്ങളുള്ള നോവല്‍ പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചു എന്നുമാത്രമല്ല ചേസിന്റെ മറ്റൊരു നോവല്‍ ഉടനെ വിവര്‍ത്തനം ചെയ്തു കൊടുക്കാന്‍ പത്രാധിപര്‍ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെയാണ് ‘വണ്‍ ബ്രൈറ്റ് സമ്മര്‍ മോണിങ് ‘ ഭാസ്‌ക്കരന്‍ വിവര്‍ത്തനം ചെയ്യുന്നത്.

‘ഭീതിയുടെ തടവറ’ എന്നായിരുന്നു പരിഭാഷയുടെ പേര്.

വിഷമോതിരം കഴിഞ്ഞ ഉടനെ ഭീതിയുടെ തടവറ മനോരമയില്‍ പ്രസിദ്ധീകരിക്കാനും തുടങ്ങി.

മനോരമ ആഴ്ചപ്പതിപ്പില്‍ ‘വിഷമോതിരം’ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് കെ. കെ. ഭാസ്‌ക്കരന്‍ പയ്യന്നൂര്‍ എന്ന പേര് മലയാളികളുടെ മനസ്സില്‍ കയറിക്കൂടുന്നത്.

അതോടെ മനോരാജ്യം, ദീപിക, മനശ്ശബ്ദം, ജനനി, പശ്ചിമതാരക തുടങ്ങിയ മലയാളത്തിലെ മുന്‍നിര ജനപ്രിയ പ്രസിദ്ധീകരണങ്ങളെല്ലാം ചേസിന്റെ നോവലുകളുടെ വിവര്‍ത്തനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി.

ഭാസ്‌ക്കരന്‍ പയ്യന്നൂരിനെ സംബന്ധിച്ചിടത്തോളം നിന്നു തിരിയാന്‍ കഴിയാത്ത വിധം തിരക്കുകളുടെ കാലമായിരുന്നു പിന്നീട് വന്നുചേര്‍ന്നത്.
[ വിവരങ്ങള്‍ക്ക് കടപ്പാട് : മിനീഷ് മുഴപ്പിലങ്ങാട് ]

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...