തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.
അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
പാർട്ടിയില്‍നിന്ന് പോകുന്നവരുടെ കണക്ക് മാത്രമേ എടുക്കാറുള്ളൂ. വരുന്നവരുടെ കണക്കെടുക്കുന്നില്ല. ഒരു സ്റ്റേഷനിലെത്തുമ്പോള്‍ പത്ത് പേരിറങ്ങിയാല്‍ ഇരുപത് പേര് കേറും. അതിനെ കുറിച്ച് ആരും പറയുന്നില്ല.
ഇനിയിപ്പോള്‍ കണ്‍വെൻഷനും മറ്റും വരുകയല്ലേ. പാർട്ടി പോർമുഖത്ത് നില്‍ക്കുമ്പോള്‍ പാർട്ടി ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യുന്നത് പാർട്ടിയോടുള്ള വഞ്ചനയാണ്. പാർട്ടിയില്‍നിന്ന് വിട്ടുപോകുന്നവർ പാർട്ടിയെ കുറിച്ച് നല്ലത് പറയില്ലല്ലോ. ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം യു.ഡി.എഫിനെ വിജയിപ്പിക്കുക എന്നതാണ്.
ഏതായാലും പൂരം കലക്കിയ വിദ്വാന്മാർ ബി.ജെ.പിയും സി.പി.എമ്മുമായിരുന്നു. അത് ഡീലാണ്. ആ ഡീല്‍ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. അതാണല്ലോ ചിഹ്നം കൊടുക്കാതെ സി.പി.എമ്മിനെ മത്സരിപ്പിക്കുന്നത്. ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കി താമരയ്ക്ക് കുത്താനുള്ള തന്ത്രമാണ്. മുരളീധരൻ അഭിപ്രായപ്പെട്ടു.