തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി രക്തസാംപിളുകൾ കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും രാസലഹരി ഉപയോഗം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

