ആലുവയിൽ നാലു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ റിമാൻഡു ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ്. ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കാക്കനാട് വനിത സബ് ജയിലിലേക്ക് സന്ധ്യയെ മാറ്റും.കുഞ്ഞിനെ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമെന്നും പൊലീസ് വ്യക്തമാക്കി. കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുലർച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയിൽ കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സന്ധ്യയെ ചോദ്യം ചെയ്തിരുന്നത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം സന്ധ്യയുടെ കുടുംബം തള്ളി. സന്ധ്യയെ താൻ മർദ്ദിച്ചെന്ന ആരോപണം ഭർത്താവ് സുഭാഷ് നിഷേധിച്ചു.