സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കമൽഹാസൻ കന്നഡയെ അനാദരിച്ചുവെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര. കന്നഡിഗരോട് നടൻ നിരുപാധികം മാപ്പ് പറയണമെന്നും ബി വൈ വിജയേന്ദ്ര. ‘തമിഴ് കന്നഡയ്ക്ക് ജന്മം നൽകി’ എന്ന നടൻ കമൽഹാസന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എക്സിലാണ് കർണാടക ബിജെപി പ്രസിഡന്റിന്റെ പ്രതികരണം. എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്കാരം കലാകാരന്മാർക്ക് ഉണ്ടായിരിക്കണമെന്നും കന്നഡ ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച നടൻ കമൽഹാസൻ കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെ ലക്ഷണമാണെന്നും ബിജെപി നേതാവ് എക്സിൽ കുറിച്ചു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നൂറ്റാണ്ടുകളായി പ്രബലമായി നിലനിൽക്കുന്ന ഭാഷയാണ് കന്നഡയെന്നും അദ്ദേഹം പറഞ്ഞു.