ഇൻഡോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കഞ്ചിക്കോട് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ സർക്കാർ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മദ്യനയത്തെ സംബന്ധിച്ച എൽ ഡി എഫിൻ്റെ 2016 ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണിത്. വലിയ അഴിമതി ലക്ഷ്യമിട്ടുള്ള നടപടി ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമാവും. ഡൽഹി മദ്യനയ അഴിമതിയിൽ പങ്കുള്ള കമ്പനിയുമായുണ്ടാക്കിയ കരാർ സർക്കാരിൻ്റെ എല്ലാ വിശ്വാസതയും തകർക്കുന്നതാണ്. ടെൻഡർ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ബ്രൂവറി അനുവദിച്ചത് അഴിമതിയാണെന്ന് എല്ലാവർക്കും അറിയാം. സർക്കാർ പൂർണമായും മദ്യലോബിക്ക് കീഴടങ്ങിയിരിക്കുകയാണ്. മദ്യലഭ്യത കുറയ്ക്കാനും, നിരോധനം പ്രോത്സാഹിപ്പിക്കാനും, ശക്തമായ നടപടികളിലൂടെയും പ്രചരണങ്ങളിലൂടെയും മദ്യത്തിനെതിരായ പൊതുജന അവബോധം വളർത്താനും ശ്രമിക്കേണ്ട സർക്കാർ തങ്ങളുടെ കടമ മറന്നിരിക്കുകയാണ്. ബാറുകൾ അടച്ചുപൂട്ടുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ ഡി എഫ് എട്ടുവർഷം കൊണ്ട് ബാറുകളുടെ എണ്ണം 29ൽ നിന്നും ആയിരത്തിൽ കൂടുതൽ എത്തിച്ചു. പാലക്കാടിനെ പോലെ ജലലഭ്യത കുറഞ്ഞ ജില്ലയിൽ ബ്രൂവറി വരുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവും. ഭൂഗർഭ ജലദൗർലഭ്യം കൂട്ടുവാൻ മാത്രമേ ഇത് കാരണമാവുകയുള്ളൂ. 2018ലും 2020ലും പിൻവാതിലിലൂടെ ബ്രൂവറി കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ട പിണറായി വിജയൻ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 2011ൽ യു ഡി എഫ് കൊണ്ടുവന്ന മദ്യനയ അഴിമതിക്ക് സമാനമാണിത്. ബാർക്കോഴ അഴിമതിക്ക് ശേഷം വലിയ കുംഭകോണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.