കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരറോഡ് വികസനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എത്തിയിരിക്കുകയാണ്. മേലെചൊവ്വ ഫ്ളൈ ഓവർ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. മേലെചൊവ്വ-മട്ടന്നൂർ വിമാനത്താവള റോഡ് ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.ദീർഘകാലത്തെ സ്വപ്‌ന പദ്ധതിയാണ് മേലെചൊവ്വ ഫ്ളൈ ഓവർ. കണ്ണൂർ-തലശ്ശേരി റോഡിന്റെയും കണ്ണൂർ-ഇരിട്ടി റോഡിന്റെയും സംഗമ സ്ഥലമായ മേലെചൊവ്വ എൻഎച്ച് 66, സംസ്ഥാന പാത, വിമാനത്താവള റോഡ് എന്നിവയെല്ലാം ചേരുന്ന സ്ഥലമാണ്. കണ്ണൂർ ജില്ലയിൽ ഏറ്റവും വാഹന പെരുപ്പമുള്ള ജംഗ്ഷൻ കൂടിയാണിത്.

കണ്ണൂർ നഗര വികസന പദ്ധതി എൽഡിഎഫ് സർക്കാർ തയ്യാറാക്കുമ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മേലെചൊവ്വയിൽ അണ്ടർപാസ് എന്ന ആവശ്യം മുന്നോട്ടുവെച്ചു. എന്നാൽ നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ കടന്നുപോവുന്നതിനാൽ, അത് ഫ്ളൈ ഓവറാക്കി മാറ്റി. പദ്ധതിക്കായി 57.45 സെൻറ് ഭൂമിയാണ് ഏറ്റെടുത്തത്. 15.43 കോടി രൂപ സ്ഥലമെടുപ്പിനായി ചെലവഴിച്ചു. 424.60 മീറ്റർ നീളമുള്ള ഫ്ളൈ ഓവറാണിത്. ഫ്ളൈ ഓവറിന്റെ വീതി ഒമ്പത് മീറ്ററാണ്. 24 മീറ്ററാണ് സർവീസ് റോഡ് ഉൾപ്പെടെയുള്ള ആകെ വീതി. 44.71 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചു. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.
ദേശീയപാത വികസനം കണ്ണൂരിൽ വളരെ വേഗത്തിലാണ് നടക്കുന്നത്. കണ്ണൂർ ബൈപാസ് യാഥാർഥ്യമായാലും ജില്ലാ കേന്ദ്രത്തിലേക്കുള്ള യാത്ര ഇതുവഴിയാണ്. എല്ലാ തരത്തിലും ഇത് നാടിന് ഉപയോഗപ്രദമാണ്. കണ്ണൂർ മണ്ഡലത്തിൽ പശ്ചാത്തല വികസന മേഖലയിൽ ജംഗ്ഷൻ, ബൈപാസ്, റോഡ് നവീകരണം ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കണ്ണൂർ കാൽടെക്‌സ് ജംഗ്ഷനിൽ മേൽപ്പാലം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനത്തിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോവണമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വ റൂറൽ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ നഗരറോഡ് വികസന പദ്ധതി ഉൾപ്പെടെ യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യർഥിച്ചു. 748 കോടിയുടെ നഗരറോഡ് വികസന പദ്ധതിയിൽ 200 കോടി രൂപ നഷ്ട പരിഹാരത്തിനായി നീക്കി വെച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ നഗരത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. ആർബിഡിസികെ എംഡി എസ് സുഹാസ്, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ സിഎം പത്മജ, പ്രകാശൻ പയ്യനാടൻ, കണ്ണൂർ മണ്ഡലം വികസന സമിതി കൺവീനർ എൻ ചന്ദ്രൻ, ആർബിഡിസികെ ഡെപ്യൂട്ടി ജിഎം എ എ അബ്ദുൽ സലാം, എഡിഎം കെ നവീൻബാബു, എം കെ മുരളി, വെള്ളോറ രാജൻ, സിഎം ഗോപിനാഥ്, അബ്ദുൽ കരീം ചേലേരി, കെ കെ ജയപ്രകാശ്, കെ എ ഗംഗാധരൻ, പി പി ദിവാകരൻ, കെ പി പ്രശാന്തൻ, ബിനിൽ, ഹമീദ് ചെങ്ങളായി, ഡോ. ജോസഫ് തോമസ്, രതീഷ് ചിറക്കൽ, ടി കെ രമേഷ് കുമാർ എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂർ ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ഒട്ടേറെ പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ഒട്ടേറെ പ്രവൃത്തികൾ യാഥാർഥ്യമായി. രണ്ടുകോടി 25 ലക്ഷം രൂപ ചെലവിൽ പിഡബ്ല്യുഡി കോംപ്ലക്സിന്റെ പ്രവൃത്തി പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു. കിഫ്ബി ഫണ്ട് മുഖേന നിർമ്മാണം നടക്കുന്ന കാട്ടാമ്പള്ളികടവ്-കൂവേരി-ചിറ്റാരക്കടവ്-തടിക്കടവ് റോഡിന്റെ നിർമ്മാണം 99 ശതമാനം പൂർത്തിയായി. കിഫ്ബി ഫണ്ട് മുഖേന 20 കോടി രൂപയോളം ചെലവഴിച്ച് ഉളിക്കൽ-ഏറുമല-കാഞ്ഞിലേരി-കണിയാർ വയൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചു.ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആലക്കോട് പാലം മൂന്നു കോടി 80 ലക്ഷം രൂപയ്ക്ക് പൂർത്തീകരിച്ചു. ചൊവ്വ-കൂത്തുപറമ്പ് മൂന്നാം പാലത്തിലെ രണ്ടു പാലങ്ങൾ മൂന്നു കോടി 80 ലക്ഷം രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ചു. 60 കോടി ചെലവിൽ 11 പാലങ്ങളുടെ നിർമ്മാണം ജില്ലയിൽ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.വണ്ണാത്തി കടവ് പാലം എട്ടുകോടി 49 ലക്ഷം രൂപ ചെലവഴിച്ചു. അലക്സ് നഗർ പാലം പത്തു കോടി പത്തുലക്ഷം രൂപയിൽ നബാർഡ് വഴി നിർമ്മാണം പൂർത്തീകരിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ ഉണ്ടയിൽ പൊയിൽ കോട്ടയിൽ പാലം നാല് കോടി 94 ലക്ഷം രൂപയിൽ പൂർത്തീകരിച്ചു.കിഫ്ബി വഴി 58 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതിയിൽ ഉൾപ്പെട്ട പയ്യന്നൂർ- അമ്പലത്തറ-കാനായി മണിയറവയൽ റോഡ് അതിന്റെ ഏഴ് മീറ്റർ മെക്കാഡം ടാറിങ് പൂർത്തീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപ ചെലവഴിച്ച് കുപ്പം-ചുടല-പാണപ്പുഴ-കണാരം വയൽ- മാതമംഗലം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി.ഇരിക്കൂർ, പയ്യന്നൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രയരോം-മൂന്നാംകുന്ന് റോഡ് 12 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയായി. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പുഷ്പഗിരി നെല്ലിപ്പാറ വെള്ളാവ് റോഡ് പത്തു കോടി രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ചു. പിണറായിയിൽ റസ്റ്റ് ഹൗസ് നിർമ്മാണം ആരംഭിച്ചു. അഞ്ചരക്കോടി രൂപയുടെ ഭരണാനുമതി നൽകിയാണ് നിർമ്മാണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66 ന്റെ പ്രവൃത്തി എല്ലാ മാസവും വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ യോഗം വിളിക്കുന്നുണ്ട്. ജില്ലാ കളക്ടറും പ്രവർത്തനങ്ങളുടെ പുരോഗതി ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ഇടപെടലുകൾ നടത്തും

മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ ആറ് ശതമാനം പേർ മാത്രമേ മലബാറിലേക്ക് എത്തുന്നുള്ളൂ എന്നതാണ് കോവിഡിന് മുമ്പുള്ള കണക്ക്. ഇത് മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മലബാറിൽ ടൂറിസം മേഖലയുടെ സാധ്യതകളെ കുറേക്കൂടി മാർക്കറ്റ് ചെയ്യാനും അതിലൂടെ കേരള ടൂറിസത്തിന് കുതിപ്പ് ഉണ്ടാക്കാനും സാധിക്കും. ഇതിനായി പ്രത്യേക ക്യാമ്പയിൻ ഏറ്റെടുത്ത് മുന്നോട്ടുപോകും. എന്റെ കേരളം എന്നും സുന്ദരം എന്ന ക്യാമ്പയിൻ വയനാട്ടിൽ തുടക്കമായിട്ടുണ്ട്. സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടപ്പിലാക്കി കൊണ്ട് മലബാറിന്റെ ടൂറിസം കേന്ദ്രങ്ങളെയും ചരിത്രപരമായ പ്രത്യേകതകളെയും സഞ്ചാരികളെ പരിചയപ്പെടുത്തുന്ന വിധത്തിൽ പ്രചരണം നടത്തും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെയും ട്രാവൽ മേഖലയിലുള്ളരെയും മലബാറിലേക്ക് എത്തിക്കുന്നതിന് ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...