കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 14ന്. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ മുൻ പ്രസിഡൻ്റ് പി പി ദിവ്യ വോട്ടു ചെയ്തേക്കും.ദിവ്യയോട് ജില്ലാ പഞ്ചായത്തംഗമെന്ന പദവി രാജിവയ്ക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണിത്. അഡ്വ കെകെ രത്നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിപക്ഷവും എല്‍ഡിഎഫിൻ്റെതാണ്. അതുകൊണ്ടുതന്നെ വിജയിക്കാൻ രത്ന കുമാരിക്ക് തടസമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
പിപി ദിവ്യസ്ഥാനമൊഴിഞ്ഞതിനു ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലാണ്
പ്ലാൻ ഫണ്ട് പാസാക്കുന്നതിനായി വൈസ് പ്രസിഡൻ്റായ അഡ്വ. ബിനോയ് കുര്യൻ യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളത്താല്‍ പിരിച്ചു വിടുകയായിരുന്നു. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജുബിലി ചാക്കോ, എൻപി ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയർത്തിയത്. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ യോഗം പിരിച്ചു വിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രതിപക്ഷം മത്സരിക്കുമെന്നാണ് സൂചന.എന്നാല്‍ ദിവ്യ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയാല്‍ പ്രതിഷേധിക്കാനും ബഹിഷ്കരിക്കാനും സാധ്യതയുണ്ട്.