കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ (കെഎടി) പതിമൂന്നാം വാര്‍ഷികാഘോഷം ഇന്ന് 11 ന് കലൂര്‍ ഐഎംഎ ഹാളില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഉദ്ഘാടനം ചെയ്യും. കെഎടി ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ.ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. റ്റി.എ.ഷാജി, അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ്ുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെയും പ്രത്യേകം അധികാരപ്പെടുത്തുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സര്‍വീസ് സംബന്ധമായ വ്യവഹാരങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്കു നടത്തുന്ന തെരഞ്ഞെടുപ്പു സംബന്ധിക്കുന്ന വൃവഹാരങ്ങളുമാണു പ്രധാനമായും കെഎടിയുടെ പരിധിയില്‍ വരുന്ന കേസുകള്‍.
2010 ഓഗസ്‌റ് 20ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരത്തു സ്ഥാപിതമായത്. തുടക്കത്തില്‍ തിരുവനന്തപുരത്ത് ഒരു ബെഞ്ച് മാത്രമായി പ്രവര്‍ത്തനം തുടങ്ങിയ ട്രൈബ്യൂണലിന് ഇപ്പോള്‍ പ്രധാന ബെഞ്ചിനു പുറമെ തിരുവനന്തപുരത്തും എറണാകുളത്തും ഓരോ അഡീഷണല്‍ ബെഞ്ചുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. തലശ്ശേരിയില്‍ ഒരു അഡീഷണല്‍ ബെഞ്ച് കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. നിലവില്‍ ചെയര്‍മാനെ കുടാതെ രണ്ട് ജുഡീഷ്യല്‍ മെമ്പര്‍മാരും മുന്ന് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍മാരുമാണ് അംഗബലം.
കേരള ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് റ്റി.ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് ട്രൈബ്യൂണല്‍ മുന്‍ ചെയര്‍മാന്മാര്‍. പതിമുന്നുവര്‍ഷം പിന്നിടുമ്പോള്‍ 5458 കേസുകളാണു തീര്‍പ്പാക്കിയിട്ടുള്ളത്. നിലവില്‍ 2098 കേസുകള്‍ പരിഗണനയിലുണ്ട്.