കുറുപ്പന്തറ: പി.ജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച വ്യക്തിയാണ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിയൻ പറഞ്ഞു.
കേരളാ കോൺഗ്രസ്-എം മാഞ്ഞൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനാധിപത്യകേരളാ കോൺഗ്രസ് നേതാവായി ഇടതുമുന്നണിയിൽ മൂന്ന് ലോകഭാസീറ്റ് ആവശ്യപ്പെട്ട വ്യക്തിയാണ് ഇപ്പോൾ യുഡിഎഫിൽ സ്ഥാനാർത്ഥിയായിട്ടുള്ളതെന്ന് ജനങ്ങൾ മറന്നിട്ടില്ല.
കേരളാ കോൺഗ്രസ്-എമ്മിൽ നിന്ന് പി.ജെ ജോസഫിനെ ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതും ജനത്തിനറിയാം.
ഇത് മനസിലാക്കാതെയാണോ ചില കോൺഗ്രസ് നേതാക്കൾ തോമസ് ചാഴികാടൻ മുന്നണി മാറിയെന്ന് പരിതപിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
കെ.എം മാണിയടക്കമുള്ളവർ ചേർന്ന് രൂപീകരിച്ച യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ്-എമ്മിനെ പുറത്താക്കിയശേഷം കോൺഗ്രസ് നടത്തുന്ന ജല്പനങ്ങൾക്ക് ജനങ്ങൾ തിരിച്ചടി നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിയൻ പറഞ്ഞു.
തോമസ് അരയത്ത് അധ്യക്ഷത വഹിച്ചു.
തോമസ് ടി കീപ്പുറം, പി.സി കുര്യൻ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, പി.സി കുര്യൻ, കെ.സി മാത്യു, ബിജു മറ്റപ്പിള്ളി, നിർമ്മല ജിമ്മി എന്നിവർ പ്രസംഗിച്ചു.