ന്യൂഡൽഹി:സുതാര്യതയിലും ജനസമ്പർക്കത്തിലും വിവര വിനിമയത്തിലും കേരളം വളരെ മുന്നിലാണെന്നും വിവരാവകാശ ഹരജികൾ തീർപ്പാക്കുന്നതിൽ സംസ്ഥാനം മാതൃകയാണെന്നും ഇന്ത്യൻ മുഖ്യ വിവരാവകാശ കമ്മിഷണർ ഹീരലാൽ സമരിയ പറഞ്ഞു. ദേശീയ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കീമിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗം ജനങ്ങൾക്ക് പെൻഷൻ ലഭ്യമാക്കിയതിൽ കേരളം അസാധാരണ മികവ് പുലർത്തി.സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നപോലെ കേരളത്തിൽ കൂടുതൽ ജനങ്ങൾ ഇപ്പോൾ ആർടിഐ നിയമത്തെ ആശ്രയിക്കുന്നു. ഡോ. ഹക്കീമിൻറെ വിധികൾ ആർടിഐ നിയമത്തെ കൂടുതൽ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഹീരലാൽ സമരിയ പറഞ്ഞു. കാമ്പസുകളിൽ ആർടിഐ ക്ലബ്ബുകൾ ഉണ്ടാവുന്നത് വിദ്യാസമ്പന്ന യുവ സാമൂഹത്തിൽ നിയമ അവബോധത്തിന് സഹായകമാകും. ഇതിൽ ഡോ.ഹക്കീമിൻറെ മുൻകൈ പ്രവർത്തനം അനുകരണീയമാണ്.
നീതിലഭ്യമാക്കാൻ ചുമതലയുള്ള കേന്ദ്രങ്ങളെല്ലാം സാധാരണക്കാരോട് കൂടുതൽ അടുത്ത് പെരുമാറണം.വിവരാധികാരികൾ മുതൽ സുപ്രീംകോടതി വരെയും ജനപക്ഷത്ത് എന്നും ഉണ്ടാകണം.നീതി വൈകുന്നില്ല എന്നതാണ് നിയമപീഠങ്ങൾ ആദ്യം ഉറപ്പാക്കേണ്ടത്. വിവരാവകാശ കമ്മിഷനുകൾക്കും ഇത് ബാധകമാണ്. കേസുകൾ തീർപ്പാക്കുന്നതിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷൻറെ പ്രവർത്തനം പ്രശംസനീയമാണ്. വിവരാവകാശ നിയമത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ ഡോ.എ.എ.ഹക്കീം ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ലീഗൽ സെൽ (പി എൽ സി)എന്ന ദേശാന്തര അഭിഭാഷക സംഘടന നിയോഗിച്ച മൂന്നംഗ ജൂറിയാണ് ഈ വർഷത്തെ അവാർഡിന് ഡോ.ഹക്കിമിനെ തെരഞ്ഞെടുത്തത്.കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പി.എൽ.സി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് ഏബ്രഹാം, എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡൻറ് ഡി.ബി ബിനു, സെൻട്രൽ ഇൻഫർമേഷൻ കമ്മിഷൻ ജോ. സെക്രട്ടറി സർവ്വോത്തംകുമാർ റാണ എന്നിവർ പങ്കെടുത്തു.