ഷോർട്ട് സർക്യൂട്ട് ഉണ്ടായി പുക ഉയർന്നത് സൃഷ്ടിച്ച വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപാണ്, കോഴിക്കോട് മെഡിക്കൽ കോളജിലെ അതേ കെട്ടിടത്തിൽ തീ പിടുത്തമുണ്ടായത്. നേരത്തെ പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിലെ ആറാം നിലയിലാണ് തീപിടിത്തം. ഇവിടെ ഓപ്പറേഷൻ സംവിധാനം ഒരുക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് മൂന്നും നാലു ബ്ലോക്കിൽ ഇരുപതോളം രോഗികളാണ് ഉണ്ടായിരുന്നത്.പുക ഉയരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളുടെ പ്രതികരണം. പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെ ആറാംനിലയിൽ ഉണ്ടായിരുന്നു. യൂറിൻ ബാഗുൾപ്പടെ കൈയ്യിലെടുത്താണ് പല രോഗികളും തീപിടുത്തത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.എന്നാൽ ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നോ എന്നതിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വ്യക്തമായ വിശദീകരണമില്ല. തീപിടുത്തത്തിന് പിന്നാലെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായെത്തി. സമഗ്ര പരിശോധനയ്ക്ക് ശേഷമേ രോഗികളെ ഈ ബ്ലോക്കിൽ പ്രവേശിപ്പിക്കാവൂ എന്ന് എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു.നിലവിൽ ആശുപത്രിയിലെ തീ പൂർണമായും അണച്ചു.