സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ വീണ്ടും പരിഹാര നിർദേശവുമായി കെഎസ്ഇബി.
ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ പുതിയ നിർദേശം.
നേരത്തെ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുൾപ്പെടെ രാത്രി കാലങ്ങളിൽ ഒഴിവാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകീട്ട് 6 നും രാത്രി 12നുമിടയിലുള്ള സമയത്ത് മാക്സിമം ആവശ്യങ്ങളിൽ കുറവ് വരുത്തുക എന്നതാണ്.
എന്നാൽ കുറവ് വരുത്തുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം എന്നല്ലെന്നും അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നാണെന്നും കെഎസ്ഇബി പറയുന്നു.
നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണമാകും ഉണ്ടാക്കുക.
കേരളത്തില്‍ കെഎസ്ഇബിയ്ക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളാണുള്ളത്.
അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.