കുടുംബശ്രീ ലോകം ഉറ്റുനോക്കുന്ന ജനപക്ഷ മാതൃക: മന്ത്രി ഡോ.ആർ.ബിന്ദു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് താങ്ങും തണലുമായി നിന്ന് സമൂഹത്തിൽ നേതൃത്വപരമായ പങ്കുവഹിക്കുകയാണ് കുടുംബശ്രീയെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. ഓണത്തോടനുബന്ധിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഓണം വിപണന മേളയുടെയും വനിതാ ഭിന്നശേഷി കലാമേളകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നാടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത കുടുംബശ്രീ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അടുക്കളയിലും പിന്നാമ്പുറങ്ങളിലും മാത്രം സജീവമായിരുന്ന വനിതകളെ നാടിന്റെ വികസന ചരിത്രത്തിൻ്റെ ഭാഗമാക്കിയത് കുടുംബശ്രീയാണ്. സ്ത്രീകളുടെ കരുത്തുറ്റ നേതൃനിരയായ കുടുംബശ്രീ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ജനപക്ഷ മാതൃകയായി മാറിയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി.റജീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സെപ്തംബര്‍ ഒമ്പത് മുതല്‍ 14 വരെയാണ് മേള. കൂറ്റനാട് പട്ടാമ്പി റോഡിലുള്ള ഐഷ പ്ലാസ ഷോപ്പിങ് കോംപ്ലക്സിലാണ് പ്രദര്‍ശനം. കാര്‍ഷിക പരമ്പരാഗത വസ്തുക്കളുടെ പ്രദര്‍ശനം, വില്‍പ്പന, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സിനിമാറ്റിക്ക് കോല്‍ക്കളി, തിരുവരങ്കന്‍ ഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ അരങ്ങേറി. സെപ്തംബര്‍ 10ന് രാവിലെ മുതൽ ചവിട്ടുകളി, നാടന്‍പാട്ട്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയും വൈകിട്ട് വോം ബീറ്റ്സ് ആര്‍മി മ്യൂസിക്ക് ബാന്‍ഡിന്‍റെ മ്യൂസിക്ക് നൈറ്റും ഉണ്ടായിരിക്കും. സെപ്തംബര്‍ 11ന് രാവിലെ മുതല്‍ ഒപ്പന, സംഘഗാനം, തിരുവാതിരകളി, നാടന്‍പാട്ട് എന്നിവയും വൈകീട്ട് ആറിന് ടീം ആവാസ് കുമരനെല്ലൂരിന്‍റെ കോല്‍ക്കളിയും തുടര്‍ന്ന് ലിറ്റില്‍ എര്‍ത്ത് തീയ്യറ്ററിന്‍റെ മാര്‍ത്താണ്ഡന്‍റെ സ്വപ്നങ്ങള്‍ എന്ന നാടകവും ഉണ്ടാകും.

സെപ്തംബർ 12ന് അങ്കണവാടി കുട്ടികളുടെ കലോത്സവം, വൈകീട്ട് ആറിന് പെരിങ്ങോട് മണികണ്ഠന്‍ അവതരിപ്പിക്കുന്ന ബീറ്റ്സ് ഓഫ് ഇടയ്ക്ക, 6.30ന് കലാമണ്ഡലം ചന്ദ്രന്‍റെ നേതൃത്വത്തില്‍ പഞ്ചവാദ്യം എന്നിവ ഉണ്ടായിരിക്കും. സെപ്തംബര്‍ 13 ന് രാവിലെ ഒമ്പത് മുതല്‍ ഭിന്നശേഷി കലാമേള, വൈകീട്ട് 5.30 ന് വജ്രജൂബിലി കലാകാരന്‍മാരുടെ കലാപരിപാടികള്‍, സുനിത അവതരിപ്പിക്കുന്ന കുച്ചിപ്പുടി എന്നിവ അരങ്ങേറും. വൈകീട്ട് 6.30ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...