കുവൈത്ത് ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറും.എല്ലാ കേസുകളിലും 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൂടുതൽ കേസുകൾ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം. കോട്ടയത്ത് എട്ടും എറണാകുളത്ത് നാല് കേസുകളുമാണ് രജിസ്ട്രർ ചെയ്‌തത്. കുവൈത്ത് അൽ അഹ് ലി ബാങ്കാണ് പരാതിക്കാർ. തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പോലീസ് നിഗമനം. കുവൈത്തിലെ അൽ അഹ് ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയതായാണ് കേസ്. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേനട സ്വദേശി ജിഷയാണ് പ്രതി.

