2024-25ലെ ബജറ്റിൽ ആയിരം കോടി രൂപയാണ് തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തിയത്. ഇതിൽ 840 കോടിയുടെ പദ്ധതിക്കാണ് ഒരുമിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയത്. ഇതിലൂടെ 3540 റോഡുകളുടെ നിർമ്മാണം സാധ്യമാകും. ഇത്രയും റോഡുകൾക്ക് ഒരുമിച്ച് ഭരണാനുമതി നൽകുന്നത് അപൂർവമാണ്. ബാക്കിയുള്ള 160 കോടിയുടെ റോഡുകൾക്ക് കൂടി ഉടൻ ഭരണാനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. മെയ് 31നകം എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എഞ്ചിനീയർക്കാണ് നിർവഹണ ചുമതല. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കാനും, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.നിലവിലുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണവും റീടാറിംഗും വീതി കൂട്ടലുമുൾപ്പെടെയുള്ള പ്രവൃത്തികൾ പദ്ധതിയിലൂടെ ഏറ്റെടുക്കാനാവും. ഓരോ റോഡിനും 15 മുതൽ 45 ലക്ഷം രൂപ വരെയാണ് വകയിരുത്തിയിരിക്കുന്നത്. എംഎൽഎമാരുടെ ശുപാർശ പ്രകാരമായിരുന്നു റോഡുകളുടെ തെരഞ്ഞെടുപ്പ്. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് ആറ് കോടി രൂപയുടെ റോഡുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.